kharaaksharangal.blogspot.com - KHARAAKSHARANGAL

വെള്ളിയാഴ്‌ച, ജൂലൈ 29, 2011

സൂപര്‍ താരങ്ങളുടെ പേരിലുള്ള കേസ് എന്തായി?

മോഹന്‍ലാലിന്‍റെയും മമ്മൂട്ടിയുടെയും വീടുകളില്‍ നടന്ന റെയ്ഡുകള്‍ സംബന്ധിച്ച വാര്‍ത്തകള്‍ പിന്നീട് നമ്മള്‍ കേട്ടില്ല. എന്തുപറ്റി? ഒതുക്കിതീര്‍ത്തോ? കിട്ടുന്നതെല്ലാം, മല്‍സരിച്ച് ദിവസങ്ങളോളം വാര്‍ത്തയാക്കുന്ന ദൃശ്യമാദ്ധ്യമങ്ങള്‍ക്ക് എന്താണ് മൌനം? മോഹന്‍ലാലിന്‍റെ വീട്ടിലെ ആനക്കൊമ്പും പുരാവസ്തു ശേഖരവും നിയപ്രകാരമുള്ളതാണോ? നിയമപ്രകാരമല്ലെങ്കില്‍ അദ്ദേഹത്തിന് ലഭിച്ച ബ്രിഗേഡിയര്‍ പദവി തിരിച്ചുവാങ്ങേണ്ടത് പ്രതിരോധമന്ത്രിയായ എ.കെ.ആന്‍റണിയുടെ ഉത്തരവാദിത്വമല്ലേ? മമ്മൂട്ടി വാങ്ങിക്കൂട്ടിയെന്നുപറയപ്പെടുന്ന ഭൂമി നിയപ്രകാരമാണോ? ഇരുവരും കുറ്റക്കാരാണെങ്കില്‍ കേസിന്‍റെ അവസ്ഥ എന്താണ്? ഇതൊക്കെ അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്.

പൊതുപ്രവര്‍ത്തകരുടെയും ഉദ്യോഗസ്ഥരുടെയും അഴിമതികള്‍ കണ്ടുപിടിക്കാന്‍ ഒളിക്ക്യാമറയുമായ് മത്സരിച്ച് ഓടിനടക്കുന്ന മാദ്ധ്യമങ്ങള്‍ക്ക് സൂപര്‍താരങ്ങളുടെ കേസുകളോട് മാത്രം താല്‍പ്പര്യക്കുറവുണ്ടാവുന്നതിന്‍റെ കാരണമെന്താണ്? സിനിമാതാരങ്ങള്‍ ഇല്ലെങ്കില്‍ ദൃശ്യമാദ്ധ്യമങ്ങള്‍ക്ക് മുന്നോട്ടു പോകാന്‍ സാധ്യമല്ലെന്ന പരമാര്‍ത്ഥമായിരിക്കാം അവരെ ഇതില്‍നിന്ന് പിന്തിരിപ്പിക്കുന്ന ഘടകം. ഇതൊക്കെ മനസിലാക്കാന്‍ കഴിവുള്ളവരാണ് പ്രേക്ഷകരെന്ന കാര്യം മാദ്ധ്യമങ്ങള്‍ മറക്കാതിരിക്കുന്നത് നന്ന്.

ഇത്തരം പക്ഷപാതപരമായി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോഴാണ് മാദ്ധ്യമസിണ്ടിക്കറ്റ് പോലുള്ള ആരോപണങ്ങള്‍ കേള്‍ക്കേണ്ടിവരുന്നത്. അങ്ങനെ ആരെങ്കിലും ആരോപിച്ചാല്‍ അവരെ വേട്ടയാടുന്നതിലും മാദ്ധ്യമങ്ങള്‍ ഒട്ടും പിന്നിലല്ലല്ലോ.

ഇന്ത്യന്‍ജനാധിപത്യത്തിന്‍റെ വികസനത്തിന്‌ മാദ്ധ്യമങ്ങള്‍ക്ക് കുറെയേറെ ചെയ്യാനാവും. അതുകൊണ്ടുതന്നെ പ്രേക്ഷകര്‍ അവരില്‍തന്നെയാണ് പ്രതീക്ഷയര്‍പ്പിച്ചിട്ടുള്ളത്. ഇത്തരം ഗൌരവമായ കാര്യങ്ങളില്‍ പക്ഷപാതം കാട്ടുമ്പോള്‍ അതിന്‍റെ ഫലം ഇന്ത്യന്‍ ജനാധിപത്യത്തിനും ഭരണഘടനയ്ക്കും ദോഷമായിരിക്കും.

Translate