kharaaksharangal.blogspot.com - KHARAAKSHARANGAL

വെള്ളിയാഴ്‌ച, ജനുവരി 20, 2012

അസ്വസ്ഥമാവാത്ത യുവമനസുകള്‍ക്ക്

ഒരു യുവാവിന്റെ മനസ് അസ്വസ്ഥമാകുന്നത് എപ്പോഴാണ്? പലര്‍ക്കും വ്യത്യസ്ഥ സന്ദര്‍ഭങ്ങളിലായിരിക്കും. ഈ പോസ്റ്റു വായിക്കുന്ന യുവമനസുകളെ ഒരു നിമിഷനേര ത്തേക്കെങ്കിലും അസ്വസ്ഥാമാക്കുകതന്നെയാണ് ഇതിന്റെ ഉദ്ദേശ്യം.

ദിവസങ്ങള്‍ക്കുമുന്‍പ് പശ്ചിമ ബംഗാളില്‍നിന്നും ഒരു പെണ്‍കുട്ടി കാമുകനെ അന്വേഷിച്ച് ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെത്തി. കാമുകനെ അന്വേഷിച്ചു ചെന്നെത്തിയത് കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിക്കടുത്ത ഉളിക്കല്‍ എന്ന സ്ഥലത്ത്.(വാര്‍ത്ത എല്ലവരുടെയും ശ്രദ്ധയില്‍ പെട്ട്കാണും എന്ന് വിചാരിക്കുന്നു.) ഇതൊക്കെ നമ്മള്‍ പത്രങ്ങളിലും ടെലിവിഷനിലും കണ്ടവാര്‍ത്ത. അത് ഏതോ ഒരു ബംഗാളിപ്പെണ്ണാണ്. സംസ്കാരശൂന്യരായ ഏതോ നാല് യുവാക്കളാണ്.

പക്ഷെ ഒരുനിമിഷം മറ്റൊരുതരത്തില്‍ ചിന്തിച്ചുനോക്കൂ. അത് ഒരു പോറല്‍ പോലും ഏല്‍ക്കാതെ നിങ്ങള്‍ സംരക്ഷിക്കുന്ന, സ്കൂളിലോ കോളെജിലോ ജോലിക്കോ പോയി തിരിച്ചുവരുന്ന സ്വന്തം സഹോദരിയാണെങ്കിലോ? ആ നാല് യുവാകളില്‍ ഒരാള്‍ നിങ്ങളുടെ സഹോദരനാണെങ്കിലോ? നിങ്ങളുടെ മനോനിലയെന്തായിരിക്കും?
*                    *                    *                    *                    *

ഒരുപക്ഷെ ദൂരയാത്രകഴിഞ്ഞു വീട്ടില്‍ തിരിച്ചെത്താന്‍ താമസിക്കുന്ന നിങ്ങളുടെ കൂടെയുള്ളത് ഭാര്യയാവാം സഹോദരിയാവം അല്ലങ്കില്‍ മകളോ അമ്മയോ ആവാം. നാട്ടിലേക്കുള്ള എല്ലാ ബസ്സുകളും സമയം കഴിഞ്ഞ് സര്‍വ്വീസ് അവസാനിപ്പിച്ചാല്‍ അല്ലെങ്കില്‍ നിങ്ങള്‍ യാത്ര ചെയ്തുകൊണ്ടിരുന്ന നിങ്ങളുടെ സ്വന്തം വാഹനം എന്തെങ്കിലും തകരാറ് സംഭവിച്ചു പാതി വഴിയില്‍ നിന്നുപോയാല്‍ എങ്ങനെയെങ്കിലും ഒന്ന് നാട്ടിലെത്തിക്കിട്ടിയാല്‍ മതിയെന്നാവും നിങ്ങളുടെ ചിന്ത. അതുവഴി പോകുന്ന എല്ലാ വാഹനങ്ങള്‍ക്ക് നേരെയും നിങ്ങള്‍ കൈ കാണിക്കും. അപ്പോള്‍ ഒരു സദാചാര പോലീസ് വന്നു നിങ്ങളെ ചോദ്യം ചെയ്തെന്നുവരും. സദാചാര പോലീസ് എടുത്ത നിങ്ങളുടെ ഫോട്ടോകളും വീഡിയോകളും യുടൂബിലും മറ്റു വെബ്സൈറ്റുകളിലും പ്രചരിക്കുമ്പോള്‍?

ഇനി അങ്ങനെ സംഭവിച്ചില്ലെന്നു വിചാരിക്കുക. സദാചാര പോലീസിന്റെ ശ്രദ്ധയില്‍ പെട്ടില്ലെന്ന് വിചാരിക്കുക. നിങ്ങള്‍ കൈ കാണിക്കുന്ന വാഹനങ്ങളിലൊന്ന് നിര്‍ത്തിത്തരുമായിരിക്കും. നിങ്ങള്‍ അതില്‍ കയറി യാത്ര തുടരും. ആ വാഹനത്തിലുള്ളവര്‍  അമ്മയെയും സഹോദരിയെയും തിരിച്ചറിയാനാവാത്തവരാണെങ്കില്‍, കാമാഭ്രാന്തന്മാരാണെങ്കില്‍ ആ വാഹനത്തിനകത്തോ പുറത്തോ നിങ്ങള്‍ ബന്ദിയാക്കപ്പെട്ടേക്കാം. ബംഗാളിപ്പെണ്‍കുട്ടിക്ക് സംഭവിച്ചതുപോലെ അല്ലെങ്കില്‍ മാസങ്ങള്‍ക്ക്മുന്‍പ് സൗമ്യ എന്ന പെണ്‍കുട്ടിക്ക് തീവണ്ടിയില്‍ ഉണ്ടായ അനുഭവം പോലെ നിങ്ങളുടെ കൂടെയുള്ള സ്ത്രീക്കും ഉണ്ടായേക്കാം.

ഒന്ന് ചിന്തിച്ചുനോക്കൂ. മാനുഷിക മൂല്യങ്ങള്‍ തകര്‍ന്നുകൊണ്ടിരിക്കുന്ന നമ്മുടെ നാടിനെപ്പറ്റി. നല്ലൊരു നിയമസംഹിതയുണ്ട്, മാനുഷികമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പുരാണങ്ങളുണ്ട്‌, സന്മാര്‍ഗം ഉപദേശിക്കുന്ന ഉല്‍കൃഷ്ട്ടമായ മതഗ്രന്ഥങ്ങളുണ്ട്‌, രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളുണ്ട് പിന്നെയെന്താണ് നമുക്കില്ലാത്തത്?


വാര്‍ത്തകള്‍ക്ക് കടപ്പാട്: മാതൃഭൂമി

Translate